/indian-express-malayalam/media/media_files/uploads/2023/03/Sudhakaran-Pinarayi.jpg)
കര്‍ഷകര്‍ അധ്വാനിച്ചുണ്ടാക്കിയ നെല്ലിന്റെ വില നല്‍കിയില്ല; പിണറായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാങ്ങുന്ന തിരക്കിലെന്ന് കെ സുധാകരന്‍
തിരുവനന്തപുരം: പാവപ്പെട്ട കര്‍ഷകര്‍ അധ്വാനിച്ചുണ്ടാക്കിയ നെല്ലിന്റെ വില നല്‍കാത്ത പിണറായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാങ്ങുന്ന തിരക്കിലാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. നെല്‍ കര്‍ഷകരും റബര്‍ കര്‍ഷകരും ഉള്‍പ്പെടെ എല്ലാവര്‍ക്കും ഇത്തവണ വറുതിയുടെ ഓണമാണ് പിണറായി സമ്മാനിച്ചതെന്നും സുധാകരന്‍ പറഞ്ഞു.
പതിനായിരക്കണക്കിന് നെല്‍ കര്‍ഷകര്‍ക്ക് ഇനിയും നെല്ലുവില കിട്ടാനുണ്ട്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി ചര്‍ച്ച നടത്തി നെല്ലിന്റെ വില നല്‍കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. സിവില്‍ സപ്ലൈസ് കോര്‍പറേഷനിലൂടെ എട്ടുമാസം മുന്‍പ് സംഭരിച്ച നെല്ലിന്റെ വിലയ്ക്കായി കര്‍ഷകര്‍ മുട്ടാത്ത വാതിലുകളില്ല.
കോണ്‍ഗ്രസിന്റെയും കര്‍ഷക സംഘടനകളുടെയും എതിര്‍പ്പിനെത്തുടര്‍ന്ന് കുറച്ചുതുക വിതരണം ചെയ്തെങ്കിലും കോടിക്കണക്കിന് രൂപ ഇനിയും കുടിശ്ശികയാണ്. കേന്ദ്രസര്‍ക്കാര്‍ രണ്ടു വര്‍ഷങ്ങളിലായി വര്‍ധിപ്പിച്ച നെല്ലിന്റെ സംഭരണ വില പോലും നല്‍കാതെ ആ തുക വകമാറ്റി ചെലവഴിച്ചു. ഹെലിക്കോപ്റ്റര്‍ വാങ്ങാനും ക്ലിഫ് ഹൗസില്‍ തൊഴുത്തൊരുക്കാന്‍ ലക്ഷങ്ങള്‍ മുടക്കാനും സര്‍ക്കാരിന് ഒരു മടിയുമില്ല.
വരുമാനത്തകര്‍ച്ചയും കാലാവസ്ഥാ വ്യതിയാനവും വന്യജീവിശല്യവും സാമ്പത്തിക പ്രതിസന്ധിയും കര്‍ഷകരെ കശക്കിയെറിഞ്ഞപ്പോള്‍ സര്‍ക്കാര്‍ നടപടികള്‍ കൂടുതല്‍ പ്രഹരമേല്‍പ്പിച്ചു. ഉയര്‍ന്ന പലിശയ്ക്ക് കടമെടുത്ത ഇവരില്‍ പലരും ജപ്തിയുടെ വക്കിലാണ്. കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതികള്‍ നടപ്പാക്കാനോ, കടം എഴുതിത്തള്ളാനോ സര്‍ക്കാര്‍ തയാറല്ല. അവരുടെ കണ്ണീരൊപ്പാതെ കര്‍ഷക പ്രശ്‌നം ചൂണ്ടിക്കാട്ടുന്നവരെ വേട്ടയാടുന്ന നടപടികളോട് ഒരിക്കലും യോജിക്കാനാകില്ല. കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ പുതുപ്പള്ളിയില്‍ മറുപടി നല്‍കണം'' സുധാകരന്‍ ആവശ്യപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.