/indian-express-malayalam/media/media_files/uploads/2023/07/achu-oommen-1.jpg)
അച്ചു ഉമ്മന്‍| ഫൊട്ടോ; ഫേസ്ബുക്ക്
കൊച്ചി: സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന പുതുപ്പള്ളി മണ്ഡലത്തില്‍ സ്ഥാനാര്‍ഥി ചര്‍ച്ചയിലേക്ക് കോണ്‍ഗ്രസ് കടന്ന സാഹചര്യത്തിലാണ് അച്ചു ഉമ്മന്റെ പ്രതികരണം. പുതുപ്പള്ളി മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നുള്ള വ്യക്തി വേണോ എന്ന കാര്യത്തില്‍ കുടുംബവുമായി ചര്‍ച്ച ചെയ്ത്
തീരുമാനിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു.
കുടുംബത്തില്‍ രാഷ്ട്രീയ ഭാവിയുള്ളത് ചാണ്ടി ഉമ്മനാണ്. തീരുമാനങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം എടുക്കട്ടെ. അവസാനം വരെ ഉമ്മന്‍ ചാണ്ടിയുടെ മകളായി ജീവിക്കാനാണ് ഇഷ്ടം. സഹോദരന്‍ ചാണ്ടി ഉമ്മന്‍ യോഗ്യനാണെന്നും പാര്‍ട്ടിയാണ് ഇത് സംബന്ധിച്ചെല്ലാം തീരുമാനമെടുക്കേണ്ടതെന്നും അച്ചു ഉമ്മന്‍ പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടിക്ക് ചികില്‍സ ലഭിച്ചില്ലെന്നത് ആരോപണം മാത്രമാണ്. ചെയ്യാവുന്നതെല്ലാം ചെയ്‌തെന്നും അച്ചു ഉമ്മന്‍ മാധ്യമങ്ങളോടു പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെ പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയുണ്ടാകുമെന്ന് നേരത്തെ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം അത് തിരുത്തി. കുടുംബവുമായി ആലോചിക്കുമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയുടെ മക്കളായ ചാണ്ടി ഉമ്മനോ അച്ചു ഉമ്മനോ സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു സുധാകരന്റെ പ്രതികരണം. ഇതിനിടെയാണ് മത്സരത്തിനില്ലെന്ന് അറിയിച്ച് അച്ചു ഉമ്മന്‍ രംഗത്തെത്തിയിരിക്കുന്നതും.
തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വളരെ നേരത്തെയാണെന്നും ഇത് ഒഴിവാക്കേണ്ടതായിരുന്നു എന്നും അച്ചു പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിലെ പല കുറിപ്പുകളും കണ്ടപ്പോള്‍ ഇക്കാര്യത്തില്‍ ഒരു വ്യക്തത വരണമെന്ന് തോന്നിയതുകൊണ്ടാണ് പ്രതികരിക്കുന്നതെന്ന് പറഞ്ഞാണ് താന്‍ പൊതുപ്രവര്‍ത്തനത്തിലേക്കില്ല എന്ന് അച്ചു വ്യക്തമാക്കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.